ഗോത്ര മഹോത്സവം നടത്തി

ജൻ ശിക്ഷൺ സൻസ്ഥാൻ നബാർഡുമായി ചേർന്ന് സംഘടിപ്പിക്കുന്ന ദിശ എക്സിബിഷനോട് അനുബന്ധിച്ച് ഗോത്ര മഹോത്സവം നടത്തി. നിലമ്പൂരിലെ വിവിധ ആദിവാസി കോളനികളിലെ ഗുണഭോക്താക്കളാണ് സംഗമത്തിൽ പങ്കെടുത്തത്. ആദിവാസി മൂപ്പന്മാരെ ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ഉപഹാരങ്ങൾ നൽകി. ജെ എസ് എസിനു കീഴിൽ നടപ്പിലാക്കുന്ന ഗോത്രാമൃത് പദ്ധതിയിൽ ഉൾപെടുത്തിയാണ് പരിപാടി നടത്തിയത്. എ പി അനിൽ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മികച്ച അംഗൻവാടിയായി തെരെഞ്ഞെടുക്കപ്പെട്ട ചേലശ്ശേരി അംഗൻവാടിയിലെ ജീവനക്കാരെയും മികച്ച അങ്കൺവാടി അദ്ധ്യാപികക്കുള്ള അവാർഡ് ലഭിച്ച ശ്രീ സുഹറയെയും പ്രസ്തുത പരിപാടിയിൽ ആദരിച്ചു

ആദിവാസി ഉൽപന്നങ്ങൾക്ക് പുതിയ ബ്രാന്റ്

നിലമ്പൂരിലെ ആദിവാസി വിഭാഗങ്ങളുടെ കാട്ടു വിഭവങ്ങൾക്ക് ഇനി അന്താരാഷ്ട്ര മാർകറ്റിൽ ഇടം നൽകുന്നതിനും ഉയർന്ന വില ലഭ്യമാക്കുന്നതിനും വേണ്ടി അടവി എന്ന ബ്രാന്റ് പുറത്തിറങ്ങി. ജെ എസ് എസിനു കീഴിൽ നബാർഡുമായി ചേർന്ന് നടപ്പിലാക്കുന്ന ഗോത്രാമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ ബ്രാന്റ് പുറത്തിറക്കിയത്. കാട്ടുതേൻ, ശതാവരി, നെല്ലിക്ക, കണ്ണിമാങ്ങ, വളളിമാങ്ങ തുടങ്ങിയവയുടെ വിവിധ തരം അച്ചാറുകൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ അടവി ബ്രാന്റിൽ ഉൾപെടുത്തിയിരിക്കുന്നത്. ആദിവാസികൾ തന്നെ രൂപീകരിച്ച ഗോത്രാമൃത് സൊസൈറ്റിയായിരിക്കും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. 
വിദേശ രാജ്യങ്ങളിലേക്ക് ഗുണമേന്മയുള്ള കാട്ടുതേനും വനവിഭവങ്ങളും കയറ്റുമതി ചെയ്യുന്നതിനും ഉയർന്ന വിപണി കണ്ടെത്തുന്നതിനും പദ്ധതിയിൽ അവസരം നൽകിയിട്ടുണ്ട്. നിലമ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ എ പി അനിൽ കുമാർ എം എൽ എ അടവി ലോഗോ പ്രകാശനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ ഡെയ്സി അദ്ധ്യക്ഷത വഹിച്ചു. ജെ എസ് എസ് ഡയറക്ടർ വി ഉമ്മർ കോയ, കോഡിനേറ്റർ നിഖിൽ കെ, സുനിൽ പി എന്നിവർ സംസാരിച്ചു.